നാം ഇപ്പോള്‍ കോവിഡ്കാലത്താണ് ജീവിക്കുന്നത്. കോവിഡ്കാലം എന്ന് തന്നെ പറയണം കാരണം ഈ അസുഖം വന്നതോട് കൂടി ജീവിത രീതി തന്നെ മാറിമറിഞ്ഞു. യാത്രകള്‍, ആഘോഷങ്ങള്‍, കലാകായിക പരിപാടികള്‍ ഇവയെയെല്ലാം ഇത് വളരയധികം ബാധിച്ചു. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, തീയേറ്ററുകള്‍ എന്നിവ പണ്ടത്തേതുപോലെ പ്രവര്‍ത്തിക്കുന്നില്ല. ഇതെല്ലാം എത്ര കാലം നീണ്ടുനില്‍ക്കും എന്നും പറയുവാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
കുട്ടികളില്‍ വന്ന മാറ്റങ്ങള്‍
കുട്ടികളെ ഈ നിയന്ത്രണങ്ങള്‍ വളരെയധികം ബാധിച്ചു. അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ഇത് സ്വാധീനിക്കുന്നുണ്ട്. ആദ്യഘട്ടങ്ങളില്‍ പരീക്ഷകള്‍ ഒഴിവാക്കിയതും അവധി കിട്ടിയതും അവരെ ആഹ്ലാദവന്മാര്‍ ആക്കിയെങ്കിലും പിന്നീട് ഇത് നീണ്ടു പോയപ്പോള്‍ അവരെ വളരെയധികം സ്വാധീനിച്ചു. മധ്യവേനല്‍ അവധിക്കാലം നിയന്ത്രണങ്ങള്‍ മൂലം കുട്ടികള്‍ക്ക് നഷ്ടമായി. കുട്ടികള്‍ക്ക് കൂട്ടുകാരോടൊത്ത് കളിക്കാനുള്ള അവസരങ്ങളും മാതാപിതാക്കളോട് ഒപ്പമുള്ള വിനോദയാത്രകളും ആണ് ഇവിടെ നഷ്ടപ്പെട്ടത്. ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ ആകട്ടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് തുടങ്ങിയത്. എത്രയൊക്കെ പറഞ്ഞാലും ക്ലാസിലിരുന്ന് പഠിക്കുന്നത് പോലെയാകില്ല ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. അതിനാല്‍ തന്നെ അവര്‍ ഇതിനായി കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഓണ്‍ലൈൻ ക്ലാസ്സുകള്‍ മാത്രമായതോടെ കുട്ടികള്‍ക്ക് സഹപാഠികള്‍ ഒത്തുള്ള കളിച്ചിരികള്‍ നഷ്ട്ടമായി. അവര്‍ക്ക് വേണ്ടത്ര വ്യായാമം ലഭിക്കാതെ വരുന്നു. നാല് ചുമരുകള്‍ക്കുള്ളില്‍ അവര്‍ ഒതുങ്ങിക്കൂടേണ്ടി വരുന്നു. അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെയും ഇത് വളരെയധികം ബാധിക്കുന്നു. അദ്ധ്യാപകര്‍ക്ക് ഓരോ കുട്ടികളെയും ക്ലാസ്സില്‍ എന്നതുപോലെ ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല. അവരുടെ പഠന വൈകല്യങ്ങളും മാനസിക പ്രശ്നങ്ങളും അദ്ധ്യാപകര്‍ക്ക് പഴയത് പോലെ കണ്ടെത്തുവാനോ വേണ്ട പരിഹാരം നിര്‍ദേശിക്കുന്നതിനോ കഴിയുന്നില്ല. കുട്ടികളിലെ പല പ്രശ്‌നങ്ങളിലും അദ്ധ്യാപകര്‍ ഒരു അത്താണിയായിരുന്നു. അത് പോലെ തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ദുരുപയോഗം ചെയ്യുന്ന കുട്ടികളും ഉണ്ട്. ഇന്റര്‍നെറ്റിന്റെ വിവിധ സാധ്യതകള്‍ അവര്‍ ദുരുപയോഗം ചെയ്യുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ മറവില്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുകയും സംഭവിച്ചട്ടുണ്ട്.
ഈ സാഹചര്യങ്ങളും കടന്നുപോകും എന്നാല്‍ എത്ര കാലമെടുക്കും എന്ന് നമുക്ക് പറയുവാന്‍ കഴിയുകയില്ല. അതിനാല്‍ ഇപ്പൊള്‍ ഉള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരേണ്ടി വരുന്നു. തന്മൂലം മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതലായി ശ്രദ്ധ ചെലുത്തണം. മാതാപിതാക്കള്‍ കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിരീക്ഷിക്കുകയും വേണ്ടതാണ്.
അത് പോലെ തന്നെ അവരെ പാഠ്യേതര വിഷയങ്ങളിലും വ്യാപ്രുതരാക്കേണ്ടതുണ്ട്. ക്ലാസ്സ് ഇല്ലാത്ത സമയങ്ങളില്‍ വീട്ടിലെ ചെറിയ ജോലികള്‍ കൊടുക്കുകയോ അല്ലെങ്കില്‍ അല്പം കൃഷിയില്‍ വ്യാപൃതരാക്കാം. സ്ഥലം കുറവുള്ള സാഹചര്യത്തില്‍ മട്ടുപ്പാവില്‍ കൃഷിയോ, ഗ്രോബാഗ് കൃഷിയോ, അക്വാപോണിക്സ് തുടങ്ങിയവ ചെയ്യാം. അത് പോലെ തന്നെ ഓരോരുത്തരുടെയും അഭിരുചി അനുസരിച്ച് പക്ഷികളെയോ മൃഗങ്ങളെയോ വളര്‍ത്തുകയും അവയെ പരിപാലിക്കുകയും ചെയ്യാം. ഇങ്ങനെ പലവിധത്തില്‍ ഉള്ള ജോലികളില്‍ കുട്ടികള്‍ മുഴുകുമ്പോള്‍ അവരുടെ മടുപ്പ് ഒഴിവാകുന്നു. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒരു പരിധി വരെ മാതാപിതാക്കള്‍ അദ്ധ്യാപകരുടെ സ്ഥാനം കൂടി ഏറ്റെടുത്ത് അവരുടെ പഠനപാഠ്യേതര വിഷയങ്ങളില്‍ സഹായിക്കേണ്ടതാണ്.